Sunday 22 January 2012

ബിരിയാണി പാത്രത്തിലെ കൊടുങ്കാറ്റ്


പതിവ് പോലെ അന്നും ഞങ്ങൾ കൂടി,
വൈകുന്നേരത്തെ ഡിന്നർ ഡെലിബ്രേഷന്‌.
വേദി, പതിവുപോലെ ഇക്കയുടെ മെസ്സ് തന്നെ.
എന്നുമിരിക്കുന്ന വലിയ മേശക്ക് ചുറ്റും
ഇരുന്നു ഞങ്ങൾ അഞ്ചുപേർ,
ബുജിക്ക് പഠിക്കുന്ന ഞങ്ങൾ നാലുപേരും
ടീം ലീഡർ ഒന്നാംതരം ഒറിജിനൽ ബുജിയും.

‘ഇക്കാ, പോരട്ടെ അഞ്ച് ചിക്കൻ ബിരിയാണി’
ഓർഡർ എന്റെ വക.
‘അഞ്ചിൽ ഒന്ന് സ്പെഷ്യൽ’ ടീം ലീഡർ വക തിരുത്ത്.
അന്നത്തെ ചർച്ചയുടെ വിഷയം അദ്ദേഹം പ്രഖ്യാപിച്ചു:
‘Development and Displacement’
വിഷയത്തിന്റെ പ്രാസമൊപ്പിച്ചുള്ള രൂപഭംഗിയിൽ
ഞങ്ങൾ പുളകം കൊണ്ടു.

സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും നിരത്തി
സങ്കീർണ്ണവിഷയത്തിന്റെ ഊരാക്കുടുക്കുകൾ അഴിച്ചുതുടങ്ങവെ
ബിരിയാണി പാത്രങ്ങൾ ഞങ്ങൾക്ക് മുമ്പിൽ നിരന്നു.
ബിരിയാണിയിലെ കോഴിക്കാലിനായി പരതവെ
ഞങ്ങളുടെ ചർച്ചയുടെ ചൂടേറി.

“ഭൂരിപക്ഷത്തിന്റെ നന്മക്കായി ന്യൂനപക്ഷം ത്യാഗം ചെയ്യണം,
ഇതാണ്‌ പ്രകൃതി നിയമം”
മാംസളമായൊരു കോഴിക്കാല്‌ കൈയിൽ തടഞ്ഞതിന്റെ ആവേശത്തിൽ
ടീം ലീഡർ പ്രഖ്യാപിച്ചു.
ഈ വാക്കുകൾ എന്നിൽ സൃഷ്ടിച്ച രോമാഞ്ചത്തിനിടയിൽ
അവ നോട്ടുബുക്കിൽ കുറിച്ചിടുവാൻ ഞാൻ മറന്നില്ല.

0 comments:

Post a Comment